Sunday, March 22, 2009





പാലക്കാട് പുത്തൂര്‍ തിരുപുരായ്ക്കല്‍ സംഗീതോത്സവം 2009


വര്‍ഷത്തെ പുത്തൂര്‍ തിരുപുരായ്ക്കല്‍ സംഗീതോത്സവം പതിവു പോലെ ഭാരതീയ ശാസ്ത്രീയ സംഗീത ലോകത്തെ കുലപതികളുടെ സാന്നിദ്ധ്യം കൊണ്ടു ശ്രദ്ധേയമാണ്. പ്രധാനമായും ഹിന്ദുസ്ഥാനി സംഗീതജ്ഞരുടെ പരിപാടിയാണ് പാലക്കാട്ടെ സംഗീത പ്രേമികള്‍ കാത്തിരിക്കുന്നത്. വര്‍ഷത്തെ പ്രധാന ആകര്‍ഷണം ഉസ്താദ് അംജദ് അലി ഖാന്‍, (03/04/2009 വെള്ളി 6.30pm), പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട്, (05/04/2009 ഞായര്‍ 6.30pm) റോണു മജുംദാര്‍, (06/04/2009 തിങ്കള്‍ 6.30pm) എന്നിവരാണ്. ഇത്ര ഉന്നതരായ കലാകാരന്മാരുടെ പരിപാടി ഒരു സാധാരണക്കാരന് അപ്രാപ്യമാണ്. വന്‍ തുകയ്ക്കുള്ള ടിക്കറ്റ് വാങ്ങാന്‍ കഴിവുള്ളവര്‍ക്കേ അന്നാട്ടില്‍പ്പോലും അതിനുള്ള ഭാഗ്യം സിദ്ധിക്കൂ. നിലയ്ക്ക് ഒരു വലിയ കലാ സേവനം തന്നെയാണ് അവരെ ഇന്നാട്ടിലെ സാധാരണക്കാരന് മുന്നില്‍ അവതരിപ്പിക്കുന്നതിലൂടെ പുത്തൂര്‍ ദേവസ്വം ഭരണ സമിതി ചെയ്യുന്നത്. സമിതിയും പുത്തൂരെ നാട്ടുകാരും അഭിനന്ദനം അര്‍ഹിക്കുന്നു.
എന്നാല്‍ ചില ചെറിയ സംഗതികളില്‍ സമിതിയുടെ ശ്രദ്ധ വേണ്ടത്ര പതിയുന്നില്ല എന്ന് തോന്നുന്നു. അതില്‍ പ്രധാനം ശബ്ദ ക്രമീകരണം തന്നെ. കഴിഞ്ഞ വര്‍ഷം "അനുരാധാ- ശ്രീരാം" ദമ്പതികളുടെ പരിപാടി ശബ്ദ വിന്യാസം മോശമായതിനാല്‍ അവര്‍ക്കും കേള്‍വിക്കാര്‍ക്കും അരോചകമായി തോന്നി. സംഗീതത്തോടൊപ്പം ആസ്വാദകരുടെ ശ്രാവ്യ മണ്ഡലത്തിലേയ്ക്ക് Generator ന്റെ ഹുങ്കാരം കൂടി എത്തുന്നതാണ് ആസ്വാദ്യതയെ വല്ലാതെ അലോസരപ്പെടുത്തുന്നത്. പിന്നീട് ഹരിഹരന്റെ പരിപാടിയാവുമ്പോഴേക്കും ശബ്ദ വിന്യാസം മെച്ചപ്പെട്ടുവെങ്കിലും വൈദ്യുത ജനകയന്ത്രത്തിന്റെ "കുടുകുടു" ബാക്കിയുണ്ടായിരുന്നു.
ഉന്നതരായ കലാകാരന്മാര്‍ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനുള്ള സാഹചര്യം ഒരുക്കാതിരിക്കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്. ഇത്തരം പ്രഗല്‍ഭരുടെ പരിപാടി ഹാളിനകത്താക്കുന്നത് നന്നാവുമെന്നു തോന്നുന്നു. മുക്കൂട്ടപ്പെരുവഴിയില്‍നിരത്തിയിട്ട ഒരായിരം കസേരകള്‍ക്കിടയില്‍ ചിതറി ഇരിക്കുന്ന ഏതാനും ശാസ്ത്രീയ സംഗീത ആസ്വാദകരുടെ സദസ്സ് കൂടുതല്‍ ശുഷ്കിച്ചതായി തോന്നില്ലേ? കലാകാരന് പ്രതിഫലം മാത്രം വാങ്ങി തൃപ്തിപ്പെടാനാകില്ലല്ലോ. തന്റെ സര്‍ഗ്ഗ സിദ്ധി അനുവാചകരില്‍ വേണ്ടവണ്ണം എത്തിക്കുക കൂടി വേണം.
നമുക്കു കലാകാരന്മാരെ വേണ്ടവിധം ആദരിക്കാം. ആസ്വദിക്കാം. അതിനുള്ള ഭൌതിക സാഹചര്യങ്ങള്‍ കൂടി ഒരുക്കാന്‍ സമിതി ഇത്തവണ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.